Sunday, May 16, 2010

സമരക്കാരുടെ ശ്രദ്ധക്ക്...ഇത് സമരസത്തിന്റെ കാലം...കേരളത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നവരുടേയും സമരത്തിനിറങ്ങുന്നവരുടേയും ശ്രദ്ധക്ക്; നിങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയായ സി.പി.എമ്മിന്റെ ചില നേതാക്കളെ ബോധിപ്പിച്ചതിന് ശേഷം മാത്രമെ നിങ്ങള്‍ സമരത്തിനിറങ്ങാവൂ...അവര്‍ പറയും സമരം ചെയ്യണോ അതോ സമരസപ്പെടണോ എന്ന്.. ഇല്ലെങ്കില്‍ കിനാലൂരില്‍ കണ്ടത് പോലെ ഒരു സമരം കൊണ്ട് മാത്രം സമരക്കാര്‍ ഭീകരവാദികളാവും; ചാണകം ആഗോള ഭീകരവാദികളുടെ ആയുധമാകും, പൊലീസ് തലതല്ലിപ്പൊട്ടിച്ച വയസനെ കൊണ്ട് സമരക്കാര്‍ എറിഞ്ഞിട്ടാണ് തലപൊട്ടിയതെന്ന് പറയിപ്പിക്കും..പിന്നെയോ.... സ്ത്രീകള്‍ തല്ല് ചോദിച്ചു വാങ്ങിയതാണെന്ന് വനിതാ കമ്മീഷന്‍ (ഇങ്ങനെ പറയാന്‍ എന്ത് കമ്മീഷനാണാവോ അധ്യക്ഷക്ക് കിട്ടുന്നത്) പ്രസ്താവനയിറക്കും.


രാഷ്ട്രീയക്കാരനാവാന്‍ നല്ല തൊലിക്കട്ടി വേണമെന്ന് ചെറുപ്പം മുതലെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ വ്യവസായ മന്ത്രി എളമരം കരീമിന്റെയത്ര വേണ്ടി വരുമെന്ന് കരുതിയില്ല. എന്നെ പോലീസ് തച്ചേ എന്ന് പറഞ്ഞ് കാമറക്ക് മുന്നില്‍ അലറുന്നയാളെ സ്റ്റേജില്‍ കൊണ്ട് വന്ന് റിയാലിറ്റി ഷോ നടത്തിയ മന്ത്രിയുടേയും അനുയായികളുടേയും പ്രകടനങ്ങള്‍ ചാനലുകള്‍ക്ക് പണച്ചെലവില്ലാതെ കിട്ടിയ കോമഡി ഷോ ആയി. ആരോടാണ് മന്ത്രീ ഈ യുദ്ധ പ്യ്രാപനം? എന്തിനാണീ ഒളിച്ചു കളി? അവിടുത്തെ ജനങ്ങള്‍ താങ്കളുടെ മന്ത്രിക്കസേരയൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ. നൂറുകണക്കിന് ആളുകളെ കുടിയിറക്കി നിര്‍മ്മിക്കുന്ന പാതയുടെ യതാര്‍ത്ഥ ആവശ്യമെന്തെന്നും പാത നിര്‍ബ്ബന്ധമാണെങ്കില്‍ തന്നെ ജനജാഗ്രതാ സമിതിയുടെ ബദല്‍ നിര്‍ദ്ദേശം പരിഗണിച്ചു കൂടെ എന്നുമല്ലെ ചോദിച്ചുള്ളൂ? അതിന്റെ ഉത്തരം വളരെ ലളിതമായി ഒരു തവണ പറഞ്ഞ് കൊടുത്താലെന്താ. അതോ വികസനം പൂര്‍ത്തിയായതിന് ശേഷം മാത്രം വെളിപ്പെടുത്തേണ്ട വല്ല രഹസ്യവുമാണോ അത്? അവകാശ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യരുതെന്നും എല്ലാറ്റിനോടും സമരസപ്പെടുകയാണ് വേണ്ടതെന്നും പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ കുറഞ്ഞത് വികസനത്തിന്റെ ഇരകള്‍ക്കെങ്കിലും സാധിക്കില്ല എന്ന് തിരിച്ചറിയുന്നത് നന്നാവും.. ഇതൊരു ചെറിയ വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സി.പി.എം ഒഴികെയുള്ളവരുടെ പിന്തുണ ഈ സമരത്തിനുണ്ടെന്ന് വ്യക്തമായിട്ടും സമരത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എത്ര ഖേദകരമാണ്. ആ.. ജനനേതാക്കള്‍ക്ക് എന്തുമാവാമെന്നാണല്ലൊ അല്ലെ. അവര്‍ ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും... ആവശ്യമനുസരിച്ച് എന്തുമാക്കും. ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ച് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഗീബല്‍ സിയന് വിപ്ലവ പാര്‍ട്ടിയിലും എത്ര അനുയായികളാ?

Thursday, May 13, 2010

പ്ലീസ്.. ആ തട്ടം പിടിച്ച് വലിക്കല്ലെ??


പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ പഠിച്ചാല്‍ പോരെ, തട്ടമിടണോ എന്നതാണ് പ്രശ്നം. തന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും മാന്യതക്ക് നിരക്കാത്തതൊന്നും ചെയ്തില്ലല്ലൊ എന്നതൊന്നും ഇതിനുത്തരമല്ല എന്നാണ് ആലപ്പുഴ തലവടി ബിലീവേഴ്സ് ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും മഫ്ത ധരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട നബാലയുടെ അനുഭവം വ്യക്തമാക്കുന്നത്. പ്രശ്നം ഇത്ര ശ്രദ്ധ നേടുമെന്ന് ഒരുപക്ഷെ സ്കൂളധികൃതരും കരുതിക്കാണില്ല. ഒരു മുസ്ല്യാരുടെ മകളെ മഫ്ത ധരിച്ചതിന്റെ പേരില്‍ പറഞ്ഞ് വിട്ടാല്‍ അവര്‍ ടി.സി വാങ്ങി മറ്റെവിടെയെങ്കിലും തുടര്‍ന്ന് പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്തുകൊള്ളുമെന്ന് സ്കൂള്‍ അധികൃതര്‍ കരുതിയോ എന്നും അറിയില്ല.യൂറോപ്പിലും ഫ്രാന്‍സിലുമെല്ലാം തട്ട വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നാം ഒട്ടും പുറകിലാവാനും പാടില്ലല്ലൊ എന്നും കരുതിക്കാണും. സംഗതി വിവാദമായപ്പോള്‍ സ്കൂളധികൃതരുടെ വിശദീകരണം ഏറെ കൌതുകകരമായിരുന്നു. ഇതു സംബന്ധിച്ച് ചാനലില്‍ വന്ന ചര്‍ച്ചയില്‍ ആദ്യം പ്രതികരിക്കാന്‍ എത്താതിരുന്നവര്‍ പിന്നീട് പറഞ്ഞത് വിടുതലിന് കാരണമായി "സ്കൂളില്‍ മഫ്ത ധരിക്കുന്നത് അനുദനീയമല്ല" എന്ന് എഴുതിയത് രക്ഷിതാവിന്റെ നിര്‍ബന്ധം മൂലമാണെന്നാണ്. അതിന്റെ പേരിലാണ് കുട്ടിയെ പുറത്താക്കുന്നതെങ്കില്‍ കാരണമായി അത് തന്നെയല്ലെ എഴുതേണ്ടത്? അതോ ഒരു കാരണവുമില്ലാതെ രക്ഷിതാവ് മകളുടെ ടി.സി ആവശ്യപ്പെടുകയും എന്നിട്ട്, കാരണം മഫ്തായാണെന്ന് എഴുതണമെന്ന് നിര്‍ബ്ബന്ധിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ മാലോകര്‍ അത് വിശ്വസിക്കുമോ സര്‍? ഒരു രക്ഷിതാവ് വന്ന് നിര്‍ബ്ബന്ധിച്ചാല്‍ സ്കൂളധികൃതര്‍ അവര്‍ പറയുന്നതെന്തും ടി.സി യില്‍ എഴുതിക്കൊടുക്കും എന്നാണോ മനസിലാക്കേണ്ടത്? പ്രതിഷേധം വ്യാപകമായപ്പോള്‍ നിവൃത്തികേട് കൊണ്ടാണെങ്കിലും, സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.ഇത് മണ്ണഞ്ചേരിയില്‍ മാത്രം കാണപ്പെടുന്ന സൂക്കേടല്ല. തട്ടമഴിച്ചാലേ പഠനം പൂര്‍ത്തിയാകൂ എന്നതിനപ്പുറം തട്ടമിട്ടവര്‍ അത്രയൊക്കെ പഠിച്ചാല്‍ മതി എന്നു കൂടിയുണ്ടോ എന്നേ ഇനി അറിയാനുള്ളൂ. ഇത്തരം സ്കൂളിലെ അധ്യാപികമാര്‍ ശിരോവസ്ത്രം ധരിച്ചാണല്ലൊ സ്കൂളില്‍ വരുന്നത് എന്നൊന്നും ചോദിച്ചേക്കരുത്. എല്ലാം പഠിച്ച് കഴിഞ്ഞവര്‍ക്ക് തട്ടമിടുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഏതായാലും ഈ വിഷയത്തില്‍ വിവിധ സംഘടനകളുടെ പ്രതികരണം ആശാവഹമാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ തട്ടമഴിക്കാന്‍, കാര്യമായി ആരും സ്കൂളധികൃതരുടെ പക്ഷം പിടിച്ച് എത്തിയില്ല എന്നത് ആശ്വാസ്യം തന്നെ.ഒന്നു കൂടി.... കേരളത്തില്‍ ഇന്ന് നിലവിലുള്ള ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ വസ്ത്രധാരണ രീതി മതേതരത്വത്തിനോ, പൊതു സമൂഹത്തിനോ ദോഷകരമായിട്ടുണ്ടോ? തട്ടമിട്ട നബാലയും തട്ടമിടാത്ത ശ്രീകലയും ഒന്നിച്ചിരുന്നിട്ടൊ ഒരു പാത്രത്തില്‍ നിന്നുണ്ടിട്ടോ ഇന്ത്യയിലെവിടെയെങ്കിലും വല്ലതും സംഭവിച്ചിട്ടുണ്ടോ? അപ്പൊ പിന്നെ അഴിച്ച് മാറ്റേണ്ടത് നബാലയുടെ തട്ടമല്ല എന്നാണ് എനിക്ക് തോന്നുന്നത്. അമാന്യമായി ഒന്നും ഇല്ലാത്ത ഒരു വസ്ത്രധാരണ രീതിയെ അംഗീകരിക്കാന്‍ മടിക്കുന്ന മനസിനെ മൂടിയ കമ്പിളി പുതപ്പിനെയാണ്. അത്കൊണ്ട്, കുട്ടികളെ രണ്ടക്ഷരം പഠിപ്പിക്കാന്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട രക്ഷിതാക്കളുടെ മനസില്‍ തീകോരിയിട്ടുകൊണ്ട് ദയവായി ആ തട്ടം പിടിച്ച് വലിക്കല്ലെ.. പ്ലീസ്