Wednesday, June 23, 2010

നിലപാട് (ഉണ്ടെങ്കില്‍) വ്യക്തമാക്കണം.



നിലപാട് (ഉണ്ടെങ്കില്‍) വ്യക്തമാക്കണം.

മഅദനിയാണ് ഇപ്പോഴും താരം. ഇടത് വലത് വ്യത്യാസമില്ലാതെ മരിച്ചൊടുങ്ങുന്നത് വരെ (ഒരു പക്ഷെ മരിച്ചാലും) തങ്ങള്‍ക്ക് വേട്ടയാടാന്‍ പാകത്തില്‍ മഅ്ദനി ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ സ്വത്വവും, സ്വത്തും, ഫാസിസ്റ്റ് വികസനവും തുടങ്ങി വര്‍ഗീയ രാഷ്ട്രീയവുമൊന്നും ആരും ചര്‍ച്ച ചെയ്യാതിരിക്കാനും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കാക്കിയവരെ ഇപ്രാവശ്യം ബെടക്കാക്കി മറ്റു ചിലരെ തനിക്കാക്കാനും മടിയില്ലാത്ത രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേറെന്ത് വേണം? നമ്മുടെ പ്രശ്നം ഉടന്‍ വരുന്ന തെരഞ്ഞെടുപ്പാണ്. അതില്‍ കിട്ടേണ്ട വോട്ടാണ്. അതിന് എളുപ്പം വെന്ത് കിട്ടുന്നത് മഅ്ദനിയെങ്കില്‍ മഅ്ദനി....

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ചിലരുടെ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. നിയമ വ്യവസ്ഥയിലും കര്‍ണാടക സര്‍ക്കാറിലുമൊക്കെയുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വിശ്വാസം അങ്ങ് ദുബായിലെ ബുര്‍ജ് ടവര്‍ വരെ ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ചിരിക്കാതെ നിര്‍വാഹമില്ലല്ലോ. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം മഅ്ദനിയുടെ മേല്‍ വെച്ച് കെട്ടരുതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണ്ണയ്യരെ പോലെ പറയാന്‍, മനസില്‍ പലതും ഒളിപ്പിച്ച് വെച്ച് പുറമെ നിയമത്തിന്റെ വഴിയെ കുറിച്ച് പറയുന്ന എത്ര മത രാഷ്ട്രീയ നേതാക്കള്‍ക്ക് സാധിക്കും? നിയമം അതിന്റെ വഴിക്ക് നടക്കാത്തത് കൊണ്ടല്ലല്ലൊ കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയെന്ന് കോടതി വിധിക്കാന്‍ 9 വര്‍ഷം എടുത്തത്.

വഴിക്ക് നടക്കേണ്ട നിയമത്തെ ഏതിലെ നടത്തണമെന്നതിന്റെ തിരക്കഥ നേരത്തെ തയ്യാറാക്കിയിരുന്നു എന്നത് കൊണ്ടല്ലേ? ഭരണയന്ത്രം കയ്യിലുള്ളവര്‍ക്ക് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചൊ നടപടികള്‍ വൈകിപ്പിച്ചോ നൂലാമാലകള്‍ സൃഷ്ടിച്ചോ കാലങ്ങളോളം കേസ് നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കുമെന്ന് അറിയാത്തവരല്ല, നിയമത്തെ അതിന്റെ വഴിക്ക് വിടുമെന്ന് പ്രഖ്യാപിച്ചവര്‍. കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് മഅ്ദനിയുടെ ആരോപണം. ബംഗളൂരൂ സ്ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ള പ്രതി തടിയന്റവിട നസീറിന്റെ മൊഴിയാണ് ഇപ്പോള്‍ നടക്കുന്ന നടപടികള്‍ക്ക് ആധാരമെന്ന് ബാംഗ്ലൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമെന്ന് സുപ്രീം കോടതി പോലും പറഞ്ഞ പ്രതിയുടെ മൊഴിയെ അടിസ്ഥനമാക്കി കേസെടുത്ത അനീതിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. രാജ്യത്തെ നീതി വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ല ഇതു പറയുന്നത്. വ്യാജ ഏറ്റുമുട്ടലുകളും, നിരപരാധികള്‍ തടവറയില്‍ പീഡിപ്പിക്കപ്പെടുന്നതും ആവര്‍ത്തിക്കപ്പെടുമ്പോള്‍, അതു പോലൊന്ന് ഇനി സംഭവിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ്. അനീതിക്കെതിരെ നമുക്ക് പോരാടാം.

കുറ്റവാളികള്‍ അവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ. കുറ്റവാളിയെന്ന് തെളിയിക്കപ്പെടാത്തവര്‍, അത് തന്റെ ശത്രുവായാല്‍ പോലും അനീതിക്ക് പാത്രമായിക്കൂടാ. ഇന്ത്യയിലെ ഒരാളുടേയോ സംഘടനയുടേയോ പക പോക്കലിന് ഇരയാക്കിയല്ല നീതി (?) നടപ്പാക്കേണ്ടത്. തങ്ങളുടെ ഇംഗിതം നടപ്പാകാതെ പോയതിന്റെ നിരാശ തീര്‍ക്കാന്‍ മറ്റൊരു വഴി തേടുന്നവര്‍ക്ക് ആശംസയര്‍പ്പിക്കുകയല്ല ഉത്തരവാദപ്പെട്ട മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. രാജ്യത്ത് നീതി പുലരാന്‍ ആഗ്രഹിക്കുന്നവരുടെ മനസാക്ഷി ഉണരേണ്ട സമയമാണിത്. നിലപാട് ഉള്ളവര്‍ അത് തീര്‍ച്ചയായും വ്യക്തമാക്കണം.മഅ്ദനിയെ രക്ഷിക്കാനല്ല; അനീതി സംഭവിക്കാതിരിക്കാന്‍.

ആര്‍ക്ക് വേണ്ടിയാണീ ആട്ടമെന്നു ഇതിനു ഒത്താശ ചെയ്യ്ന്നവര്‍ ആലോചിച്ചാല്‍ നന്ന്. അതല്ല, വര്‍ഷങ്ങള്‍ കഴിഞ്ഞു അന്നൊരു സ്വീകരണമോ അല്ലെങ്കില്‍ കൈ കഴുകലോ നടത്തിയാല്‍ എല്ലാ പാപക്കറയും കഴുകിക്കളയാമെന്നു ഏറ്റവും ചുരുങ്ങിയത് സമുദായ നേതൃത്വമെങ്കിലും കരുതരുത്.

Tuesday, June 15, 2010

ദമ്മാം സ്കൂള്‍ വാനിലെ ദുരന്തം.........വിഭജനം ആലോചിച്ചു കൂടെ?


അത് ഊഹിക്കാവുന്നതിലപ്പുറമാണ്. പുറത്ത് സൂര്യന്‍ ഉച്ചച്ചൂടില്‍ കത്തിയാളുമ്പോള്‍, സ്കൂള്‍ വാനിനുള്ളില്‍ അവസാന ശ്വാസത്തിന് വേണ്ടി ഫിദ ഓടിയിട്ടുണ്ടാവുമോ? ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ യു.കെ.ജി എ യിലെ ക്ലാസ് ടീച്ചര്‍ വിളിപ്പാടകലെ ഫിദയുടെ കൂട്ടുകാര്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കുമ്പോള്‍ തന്നെ, പിഞ്ചു പൈതലിന്റെ നിലവിളി ആരും കേള്‍ക്കാത്ത വണ്ണം അടച്ചതായിരുന്നു വാന്‍. ആരും... ആരുമൊന്നു ആ വഴി വന്നതുമില്ല.
ഓര്‍മ്മിക്കാന്‍ പോലും പേടി തോന്നുന്നു...എനിക്കെന്റെ മൂന്നര വയസുകാരി മകളുടെ മുഖം ഓര്‍മ്മ വരുന്നു............
ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
മുമ്പൊരിക്കല്‍ ഇതു പോലൊന്ന് സംഭവിച്ചതാണ്. ദൈവ കൃപ കൊണ്ട് ദുരന്തം വഴി മാറിയെന്ന് മാത്രം.. സ്വകാര്യ ട്രാസ്പോര്‍ട്ടിംഗ് വാഹനങ്ങള്‍ക്ക് മേല്‍ സ്കൂളധികൃതര്‍ക്ക് പ്രത്യക്ഷ നിയന്ത്രണമൊന്നുമില്ല. എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ദിവസവും സ്കൂളിലേക്കും, തിരിച്ചും കൊണ്ട് വിടുന്നവര്‍ എന്ന നിലക്ക് കുട്ടികളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏറ്റെടുക്കുന്ന ഡ്രൈവര്‍മാരുടെ മേല്‍, ഏറ്റവും കുറഞ്ഞത് വളരെ ചെറിയ കുട്ടികളുടെ കാര്യത്തിലെങ്കിലും നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെ? നാട്ടില്‍ പല സ്കൂളുകളിലും കുട്ടികളെ വഹിച്ചെത്തുന്ന മുഴുവന്‍ വാഹനങ്ങളും സ്കൂള്‍ നിയമിക്കുന്ന സെക്യൂരിറ്റിക്കാര്‍ നിയന്ത്രിക്കുന്നത് കാണാറുണ്ട്. ഇനി അതല്ല, ഇത്ര വലിയ സ്കൂളിന്റെ ഭരണവും നിയന്ത്രണവുമാണ് പ്രശ്നമെങ്കില്‍ കാലാകാലങ്ങളില്‍ കൂടി വരുന്ന കുട്ടികള്‍ ഒരൊറ്റ മാനേജ്മെന്റിന് കീഴില്‍ തന്നെ പഠിക്കണമെന്ന് വാശി പിടിക്കണോ? എംബസിയുടെ കീഴില്‍ തന്നെ, കുട്ടികളുടെ എണ്ണമനുസരിച്ച് വ്യത്യസ്ഥ നിയന്ത്രണ സംവിധാനത്തില്‍ സ്കൂളുകള്‍ സാധ്യമാക്കിക്കൂടെ? കുട്ടികളുടെ സുരക്ഷയടക്കമുള്ള വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഇത് വഴി നടക്കില്ലെ? സ്കൂള്‍ വിടുന്ന സമയത്തുള്ള തിരക്ക് ശ്രദ്ധിച്ചാലറിയാം അതിനിടയില്‍ വണ്ടിയിലെത്തിക്കിട്ടാന്‍ ഒരു കെ.ജി കുട്ടി പെടുന്ന പാട്. ആരെയും പ്രതിയാക്കാനല്ല ഇതെഴുതുന്നത്. സ്കൂളിലേക്ക് കുട്ടികളേയും വഹിച്ചെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലെന്ന് പറഞ്ഞ് കയ്യൊഴിയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ മാറ്റി വെക്കുന്നതിന് പകരം പഠനനിലവരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കുന്ന നമ്മുടെ ഈ സ്കൂളില്‍ കുട്ടികളുടെ സുരക്ഷാ വിഷയത്തില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം.
ആയിരങ്ങള്‍ പഠിക്കുന്ന സ്കൂളായതിനാല്‍ 3 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കെങ്കിലും പ്രത്യേക പരിഗണന ലഭിക്കുന്ന തരത്തില്‍ അവര്‍ക്ക് മാത്രം സ്കൂള്‍ എന്നതും ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ആലോചിക്കാവുന്നതാണ്. ഗേള്‍സ് ബോയ്സ് സെക്ഷനുകളിലായി 16,000 ത്തോളം കുട്ടികളാണ് ദമ്മാം സ്കൂളില്‍ പഠിക്കുന്നത്.സ്കൂള്‍ വിഭജനത്തിന് തുടക്കത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാവുമെന്നത് നേരാണ്. നന്മക്ക് ഉതകുമെങ്കില്‍ പക്ഷെ, പ്രതിസന്ധികള്‍ മറികടന്ന് അത് ചെയ്യുക തന്നെ വേണം....നമ്മുടെ കുട്ടികളുടെ സുരക്ഷയും പഠനവും മുഖ്യ വിഷയമായി എടുക്കാമെങ്കില്‍ തീര്‍ച്ചയായും... ഭരണസമിതിക്കും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാനുണ്ട്.... ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഷയത്തില്‍ മാത്രമല്ല; മറ്റ് പല കാര്യങ്ങളിലും... എന്തെങ്കിലും പ്രതീക്ഷിക്കാമോ.....ആവോ...
നിങ്ങള്‍ക്ക് തോന്നുന്നത് ഇവിടെ കുറിച്ചിടുക......