Wednesday, June 23, 2010

നിലപാട് (ഉണ്ടെങ്കില്‍) വ്യക്തമാക്കണം.നിലപാട് (ഉണ്ടെങ്കില്‍) വ്യക്തമാക്കണം.

മഅദനിയാണ് ഇപ്പോഴും താരം. ഇടത് വലത് വ്യത്യാസമില്ലാതെ മരിച്ചൊടുങ്ങുന്നത് വരെ (ഒരു പക്ഷെ മരിച്ചാലും) തങ്ങള്‍ക്ക് വേട്ടയാടാന്‍ പാകത്തില്‍ മഅ്ദനി ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ സ്വത്വവും, സ്വത്തും, ഫാസിസ്റ്റ് വികസനവും തുടങ്ങി വര്‍ഗീയ രാഷ്ട്രീയവുമൊന്നും ആരും ചര്‍ച്ച ചെയ്യാതിരിക്കാനും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കാക്കിയവരെ ഇപ്രാവശ്യം ബെടക്കാക്കി മറ്റു ചിലരെ തനിക്കാക്കാനും മടിയില്ലാത്ത രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേറെന്ത് വേണം? നമ്മുടെ പ്രശ്നം ഉടന്‍ വരുന്ന തെരഞ്ഞെടുപ്പാണ്. അതില്‍ കിട്ടേണ്ട വോട്ടാണ്. അതിന് എളുപ്പം വെന്ത് കിട്ടുന്നത് മഅ്ദനിയെങ്കില്‍ മഅ്ദനി....

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ചിലരുടെ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. നിയമ വ്യവസ്ഥയിലും കര്‍ണാടക സര്‍ക്കാറിലുമൊക്കെയുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വിശ്വാസം അങ്ങ് ദുബായിലെ ബുര്‍ജ് ടവര്‍ വരെ ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ചിരിക്കാതെ നിര്‍വാഹമില്ലല്ലോ. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം മഅ്ദനിയുടെ മേല്‍ വെച്ച് കെട്ടരുതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണ്ണയ്യരെ പോലെ പറയാന്‍, മനസില്‍ പലതും ഒളിപ്പിച്ച് വെച്ച് പുറമെ നിയമത്തിന്റെ വഴിയെ കുറിച്ച് പറയുന്ന എത്ര മത രാഷ്ട്രീയ നേതാക്കള്‍ക്ക് സാധിക്കും? നിയമം അതിന്റെ വഴിക്ക് നടക്കാത്തത് കൊണ്ടല്ലല്ലൊ കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയെന്ന് കോടതി വിധിക്കാന്‍ 9 വര്‍ഷം എടുത്തത്.

വഴിക്ക് നടക്കേണ്ട നിയമത്തെ ഏതിലെ നടത്തണമെന്നതിന്റെ തിരക്കഥ നേരത്തെ തയ്യാറാക്കിയിരുന്നു എന്നത് കൊണ്ടല്ലേ? ഭരണയന്ത്രം കയ്യിലുള്ളവര്‍ക്ക് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചൊ നടപടികള്‍ വൈകിപ്പിച്ചോ നൂലാമാലകള്‍ സൃഷ്ടിച്ചോ കാലങ്ങളോളം കേസ് നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കുമെന്ന് അറിയാത്തവരല്ല, നിയമത്തെ അതിന്റെ വഴിക്ക് വിടുമെന്ന് പ്രഖ്യാപിച്ചവര്‍. കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് മഅ്ദനിയുടെ ആരോപണം. ബംഗളൂരൂ സ്ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ള പ്രതി തടിയന്റവിട നസീറിന്റെ മൊഴിയാണ് ഇപ്പോള്‍ നടക്കുന്ന നടപടികള്‍ക്ക് ആധാരമെന്ന് ബാംഗ്ലൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമെന്ന് സുപ്രീം കോടതി പോലും പറഞ്ഞ പ്രതിയുടെ മൊഴിയെ അടിസ്ഥനമാക്കി കേസെടുത്ത അനീതിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. രാജ്യത്തെ നീതി വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ല ഇതു പറയുന്നത്. വ്യാജ ഏറ്റുമുട്ടലുകളും, നിരപരാധികള്‍ തടവറയില്‍ പീഡിപ്പിക്കപ്പെടുന്നതും ആവര്‍ത്തിക്കപ്പെടുമ്പോള്‍, അതു പോലൊന്ന് ഇനി സംഭവിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ്. അനീതിക്കെതിരെ നമുക്ക് പോരാടാം.

കുറ്റവാളികള്‍ അവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ. കുറ്റവാളിയെന്ന് തെളിയിക്കപ്പെടാത്തവര്‍, അത് തന്റെ ശത്രുവായാല്‍ പോലും അനീതിക്ക് പാത്രമായിക്കൂടാ. ഇന്ത്യയിലെ ഒരാളുടേയോ സംഘടനയുടേയോ പക പോക്കലിന് ഇരയാക്കിയല്ല നീതി (?) നടപ്പാക്കേണ്ടത്. തങ്ങളുടെ ഇംഗിതം നടപ്പാകാതെ പോയതിന്റെ നിരാശ തീര്‍ക്കാന്‍ മറ്റൊരു വഴി തേടുന്നവര്‍ക്ക് ആശംസയര്‍പ്പിക്കുകയല്ല ഉത്തരവാദപ്പെട്ട മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. രാജ്യത്ത് നീതി പുലരാന്‍ ആഗ്രഹിക്കുന്നവരുടെ മനസാക്ഷി ഉണരേണ്ട സമയമാണിത്. നിലപാട് ഉള്ളവര്‍ അത് തീര്‍ച്ചയായും വ്യക്തമാക്കണം.മഅ്ദനിയെ രക്ഷിക്കാനല്ല; അനീതി സംഭവിക്കാതിരിക്കാന്‍.

ആര്‍ക്ക് വേണ്ടിയാണീ ആട്ടമെന്നു ഇതിനു ഒത്താശ ചെയ്യ്ന്നവര്‍ ആലോചിച്ചാല്‍ നന്ന്. അതല്ല, വര്‍ഷങ്ങള്‍ കഴിഞ്ഞു അന്നൊരു സ്വീകരണമോ അല്ലെങ്കില്‍ കൈ കഴുകലോ നടത്തിയാല്‍ എല്ലാ പാപക്കറയും കഴുകിക്കളയാമെന്നു ഏറ്റവും ചുരുങ്ങിയത് സമുദായ നേതൃത്വമെങ്കിലും കരുതരുത്.

3 comments:

  1. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് ഞാന്‍ പറഞ്ഞത് വലിയ കുറ്റമാണോ? മഅദനിക്ക് ലഭിക്കുന്ന പീഡനമല്ല.. അധികാരത്തിന്റെ അപ്പക്കഷ്ണമാണ് എനിക്ക് മുഖ്യം.. അതിന്റെ ഭാവിക്ക് കോട്ടം തട്ടുന്ന ഒന്നും പറയാന്‍ എന്നെ കിട്ടില്ല.. ബി.ജെ.പി. നേതാവ് ശ്രീധരന്‍ പിള്ളയുടെയും എന്റെയും അഭിപ്രായം ഒന്നായത് യാദ്ര്ശ്ചികമല്ല..
    മുഹമ്മദ്‌ നബിയുടെ അടുത്ത് ഒരു നിസ്സഹായന്‍ വന്ന് പറഞ്ഞു .. അബൂ ജഹല്‍ എന്നില്‍ നിന്ന് കടം വാങ്ങിയ പൈസ തരുന്നില്ല.. നബിയെക്കാള്‍ ആജാനുബാഹുവായ അബൂജഹലിന്റെ അടുത്ത് ചെന്ന് മുഹമ്മദ്‌ പറഞ്ഞു.. കൊടുക്കടാ പൈസ ഈ പാവത്തിന്റെ.. നബിയുടെ രണ്ടു തോളിലും രണ്ടു സിംഹം ഇരിക്കുന്നത് പോലെ തോന്നി അബൂ ജഹലിന്ന്‍.. വേഗം പണം എടുത്തു കൊടുത്തു.. മുഹമ്മദ്‌ നബി എപ്പോഴും മര്‍ദ്ദിതന്റെയും ഇരയുടെയും പക്ഷത്തായിരുന്നു..
    ഞാനും അതുപോലെ തന്നെ മുഹമ്മദ്‌ നബിയെ അനുകരിക്കുന്നു.. മുഹമ്മദ്‌ നബി തല മറച്ചത് പോലെ ഞാന്‍ തൊപ്പി ധരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.. കൂടാതെ നബിയുടെ കുടുമ്പമെന്നു മനസ്സിലാക്കാന്‍ തങ്ങള്‍ എന്ന പദം എന്റെ പേരിന്റെ ഒപ്പം ഉണ്ടല്ലോ...പിന്നെന്ത്..

    ReplyDelete