Sunday, March 6, 2011

നാദാപുരം ബോംബ്‌ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഷാജി കുഞ്ഞാലിക്കാക്കെഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം.



പ്രിയപ്പെട്ട കുഞ്ഞാലിക്കാ,

സംഗതി എടങ്ങേറായി.. നമ്മടെ കുട്ട്യോള്‍ക്ക് ഇങ്ങനെയൊരബദ്ധം തീരെ പ്രതീക്ഷിച്ചില്ല. ഞാനും മുനീര്‍ സായിവും കൂടി തീവ്രവാദ വിരുദ്ധ പ്രസംഗം ഒന്നു കൂടി കൊഴുപ്പിച്ച് തെരഞ്ഞെടുപ്പില്‍ ഞമ്മക്ക് പറ്റാത്ത കൂട്ടരെ ഒന്നു കൂടി ഒതുക്കാന്‍ വേണ്ടത് ചെയ്യുമ്പോഴാണ്‌ നാദാപുരത്ത് ആ ചങ്ങായിമാരുടെ കയ്യില്‍ നിന്നും ബോംബ് വീണ്‌ പൊട്ടിയത്. കൊയപ്പം പറ്റിയതെന്താണെന്നൊ....നമ്മളെ പത്രത്തില്‍ നമ്മള്‍ സ്ഥിരം എഴുതുന്ന തീവ്രവാദ വിരുദ്ധ ലേഖനം വന്ന അന്ന് തന്നെ മറ്റു പത്രക്കാരൊക്കെ "ബോംബ് പൊട്ടി ലീഗുകാര്‍ മരിച്ചു" എന്നാ എഴുതിയത്. പറ്റിയത് പറ്റി. ഇനിയിപ്പം ഇതാരുടെ തലയിലാ കെട്ടിവെക്ക്വാന്നാ ആലോചിക്കുന്നത്. മൌദൂദിയുടെ പുത്തകം വായിച്ചാണ്‌ നമ്മുടെ ആളുകള്‍ തീവ്രവാദിയായതെന്ന് പറഞ്ഞാല്‍ ഏശില്ലല്ലൊ? പലതവണ മാര്ക്കിസ്റ്റുകാരുടെ കയ്യിന്നും അവിടെ മുമ്പ് പൊട്ടിയിട്ടുണ്ടല്ലൊ...അതൊക്കെ പറഞ്ഞ് അവരുടെ പക്കല്‍ പിടിച്ച് നില്ക്കാന്‍ നോക്കുന്നുണ്ട്. തെരഞ്ഞെടുപ്പൊക്കെ അടുത്ത സമയമായത് കൊണ്ട് എന്‍ ഡി എഫിന്റെ തലയില്‍ കെട്ടിവെക്കുന്നത് അത്ര പന്തിയുമല്ല.

ആകെയുള്ള സമാധാനം നമ്മള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടോണ്ടിഴയുന്ന നമ്മുടെ സമുദായ സംഘടനകളൊന്നും കാര്യമായി ഞമ്മക്കെതിരെ തിരിഞ്ഞിട്ടില്ലാന്നുള്ളതാ... ആ ജമാഅത്തും ആരിഫലിയും നമ്മക്കെതിരെ വല്ലാണ്ട് പറയുന്നുണ്ട്...അല്ലാ.. ഓല്ക്ക് പറയാലോ....ഓലെ പക്കന്നു ഇതു വരെ ബോം ബൊന്നും പൊട്ടിയിട്ടില്ലല്ലൊ. എന്നു വെച്ച് ഓല്‌ തീവ്രവാദ്യളാ, ഓല്‌ തീവ്രവാദ്യളാ.... എന്ന് നമ്മള്‌ പറയുന്നത് കുറക്കൊന്നും വേണ്ടട്ടോ.. കുറച്ച് ദിവസം കഴിയുമ്പോ നമുക്ക് തീവ്രവാദവിരുദ്ധ കാമ്പയിന്‍ വീണ്ടും തുടങ്ങുകയും വേണം . പിന്നെ നാദാപുരത്ത് മരിച്ചവരൊന്നും ലീഗുകാരല്ലെന്ന് നമ്മളങ്ങ് തീര്‍ത്ത് പറഞ്ഞാലോ.. ഇങ്ങളെ അഭിപ്രായം അറിയിക്കണം . എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയതാണ്‌. അല്ലേലും ഓല്‌ മരിച്ച് പോയില്ലെ? ഇനിയിപ്പം അവര്‍ ലീഗുകാരല്ലല്ലൊ?

ബോംബ് പൊട്ടിയ ദിവസം ചാനലില്‍ മുനീര്‍ സായിവ് കുറച്ച് പരുങ്ങുന്നത് ഞാന്‍ കണ്ടതാ...മൂപ്പര്‍ ക്ക് മറുപടി പറയാന്‍ ശരിക്കങ്ങ് കിട്ടാത്തത് പോലെ. മരിച്ചവര്‍ ലീഗില്‍ പ്രവര്‍ ത്തിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും ഞമ്മള്‌ തീവ്രവാദത്തിന്‌ എതിരാണെന്നും സാധാരണ പറയുന്നത് പോലെ പറഞ്ഞിട്ടുണ്ട്. ഇങ്ങളും ഞാനും മുനീര്‍ സായിവുമൊക്കെ ഒന്നു കൂടി ശ്രദ്ധിക്കേണ്ട സമയമാണെന്ന് പ്രത്യേകം പറയേണ്ടല്ലൊ?

സമയം അത്ര പന്തിയല്ല. ഏതായാലും ഇലക്ഷന്‍ കസറണം . വേറൊരു കാര്ര്യം .... നാദാപുരത്തെ സ്ഫോടനത്തില്‍ നമ്മള്‌ നേതാക്കന്‍മാര്‍ക്ക് പങ്കില്ലാ എന്ന് ബോംബ് പൊട്ടിയ ഉടന്‍ തന്നെ പറഞ്ഞത് നന്നായിട്ടോ. അല്ലേലും ഞാനോ ഇങ്ങളോ ഇതുവരെ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോ? അതൊക്കെ ഞമ്മക്ക് സിന്ദാബാദ് വിളിക്കുന്ന ചില ചെക്കന്മാര്‍ ചെയ്യാന്നല്ലാതെ...ഞാന്‍ നിറ്ത്താണ്‌. ബാക്കി ഫോണില്‌ പറയാം . സമുദായത്തെ കൂട്ടിപ്പിടിച്ച് ഈ ഹലാഖ് പിടിച്ച പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇങ്ങളൊന്ന് കൂടി ആലോചിക്കണം .

ലീഗ് നേതൃത്വം അറിയാതെയാണ്‌ നാദാപുരത്ത് ഇക്കണ്ടതൊക്കെ നടന്നത് എന്നും ഇനി നടക്കാനിരിക്കുന്നത് എന്നും ഇങ്ങള്‌ ബാങ്ക് കൊടുക്കുന്ന നേരം നോക്കി ആള്‌ കൂട്ണ ഒരു യോഗത്തില്‍ വെച്ചങ്ങ് പറഞ്ഞേക്കണം . അത് മതി ഞമ്മക്ക് അയ്നെ സത്യാക്കി മാറ്റാന്‍ .. കൂടുതല്‍ ഞാന്‍ പറഞ്ഞ് തരേണ്ടല്ലൊ. തല്ക്കാലം എഴുത്ത് നിര്ത്തട്ടെ.

എന്ന്

സ്വന്തം ഷാജി

Friday, January 28, 2011

ഫെയ്സ്ബുക്കിലെ പൂവാലന്മാര്‍

എന്റെയൊക്കെ ചെറുപ്പകാലത്ത് ഇടക്ക് കേള്‍ക്കുന്ന വാര്‍ത്ത കളിലോന്നായിരുന്നു പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാരെ പോലീസ് പൊക്കി എന്നത്. ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുമുണ്ട്. കാലം പുരോഗമിച്ചെന്നു പറയപ്പെടുമ്പോഴുള്ള പുതിയ കമന്റടി ശ്രദ്ധിച്ചപ്പോഴാണ് അതിനെ കുറിച്ച് ഒന്ന് രണ്ടെണ്ണം പറയാന്‍ തോന്നിയത്. ലോകം കാണെ പെണ്‍കുട്ടികള്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയെ കുറിച്ചല്ലേ ഞങ്ങള്‍ കമന്ടടിച്ചത് എന്ന് ഫേസ്ബുക്ക് കമന്ടടിക്കാര്‍ക്കും ഞങ്ങളെ ഫോട്ടോ എങ്ങനെയിട്ടാലും നിങ്ങക്കെന്താ ചങ്ങായീ എന്ന് യുവ കൌമാര പെണ് കൊടിമാര്‍ക്കും (വീട്ടമ്മമാര്‍ക്കും) തോന്നിയേക്കാം. എങ്കിലും ചിലത് പറയാം.

ഈയടുത്ത് അല്പം മാന്യമെന്നു തോന്നിക്കുന്ന, എന്നാല്‍ ഇറുകിയ വസ്ത്രം ധരിച്ചു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വിവാഹിതയെ കുറിച്ച് ഒരു വിരുതന്റെ കമന്റ് മര്യാദ കെട്ടതായിരുന്നു. സിനിമകളിലും പരസ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്ന ശരീര വടിവ് ഇനി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ മാന്യമായി (?) തന്നെ ആവാമെന്ന് സ്ത്രീ പുരുഷ സമത്വ വാദക്കാരും, ആസ്വാദനം ആരുടെ ഭാര്യയേയും പെങ്ങളെയും കുറിച്ചുമാവാമെന്നു ആധുനിക ഓണ്‍ ലൈന്‍ കമന്ടടിക്കാരും തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ ല്ലെ? വരും കാലങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കാവുന്ന ഇത്തരം പോസ്റ്റിങ്ങുകള്‍ ഒഴിവാക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കാതതെന്തേ? ഏറ്റവും ആകര്‍ഷകമായ ഫോട്ടോ തന്നെ ഫെസ്ബുക്കിലിടാന്‍ അവര്‍ക്ക് പ്രേരകമാകുന്ന ഘടകം എന്താണ്? പത്ര മാധ്യമങ്ങളിലൂടെ ദിനേന പുറത്ത് വരുന്ന ദുരന്ത വാര്‍ത്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കാതതെന്താണ്? ഏതായാലും ആധുനിക പൂവാലന്മാര്‍ക്ക് ഒന്നാശ്വസിക്കാം. കമന്റടി അതെത്ര വൃത്തി കെട്ടതായാലും ഫെസ്ബുക്കിന്റെ ഇക്കാലത്ത്‌ അതിനും മാന്യത കൈവന്നിരിക്കുന്നു. അത് കൊണ്ടാണല്ലോ ഏതെങ്കിലും ഒരു സാമൂഹ്യ വിഷയമോ പോതുവിഷയമോ സൂചിപ്പിക്കുന്ന ഫോട്ടോ അറിയാതെ പോലും നോക്കാത്ത ചിലര്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പോസ്റ്റിംഗ് കണ്ടാല്‍ നിമിഷങ്ങള്‍ക്കകം കമന്റുകള്‍ കൊണ്ട് നിറക്കുന്നത്. കേരളത്തിലെ പ്രശസ്ഥമായ ഒരു എഞ്ചിനിയറിംഗ് കോളേജിലെ ചില ആണ്‍കുട്ടികളുടെ മുഖ്യ ഹോബി എന്താണെന്ന് കൂടി അറിഞ്ഞോളൂ. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോ തങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെക്കുക.

ആണുങ്ങള്‍ക്ക് ഫോട്ടോ ഫെസ്ബുക്കിലിടാമെങ്കില്‍ ഞങ്ങളുടെന്തെതാ പാടില്ലാത്തത് എന്നാണ് സഹോദരിമാരുടെ വാദമെങ്കില്‍ ഒന്ന് പറയാം. ആകര്‍ഷണീയ വസ്ത്ര ധാരണത്തിലുള്ളതോ ഉയര്‍ന്ന ക്വാളി റ്റി യുള്ളതോ ആയ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്‌. അത് നടക്കുന്നുമുണ്ട്. അത് സ്ത്രീ പുരുഷ സമത്വത്തിന്റെയോ അവകാശത്തിന്റെയോ പ്രശ്നമല്ല. മാനത്തിന്റെ കൂടി പ്രശ്നമാണ്. നമ്മുടെ പെണ് കുട്ടികളും സഹോദരിമാരും അപമാനിതരാവാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ആധുനിക സാങ്കേതിക വിദ്യകള്‍ നന്മയെക്കാള്‍ കൂടുതല്‍ തിന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. വിവാഹിതരായ സ്ത്രീകളുടെ ഫോട്ടോക്ക് ആസ്വാദന കമന്റുകളിട്ട് വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഈയിടെ വാര്‍ത്താ വന്നതാണ്. ഫെസ്ബുക്കാന് ഇതിനു കാരണമായതെന്നും വ്യക്തമായിട്ടുണ്ട്.

ഇപ്പോഴും തീരുമാനം ഓരോരുത്തരുടെതുമാണ്. ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. വാവിട്ട വാക്ക് പോലെ കൈവിട്ട ആയുധം പോലെ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലരിലും എത്തിക്കഴിഞ്ഞിരിക്കുമെന്നു ഓര്‍ക്കുന്നത് നന്ന് എന്ന് മാത്രം. ദൈവം നമ്മെ രക്ഷിക്കട്ടെ.

Wednesday, June 23, 2010

നിലപാട് (ഉണ്ടെങ്കില്‍) വ്യക്തമാക്കണം.



നിലപാട് (ഉണ്ടെങ്കില്‍) വ്യക്തമാക്കണം.

മഅദനിയാണ് ഇപ്പോഴും താരം. ഇടത് വലത് വ്യത്യാസമില്ലാതെ മരിച്ചൊടുങ്ങുന്നത് വരെ (ഒരു പക്ഷെ മരിച്ചാലും) തങ്ങള്‍ക്ക് വേട്ടയാടാന്‍ പാകത്തില്‍ മഅ്ദനി ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ സ്വത്വവും, സ്വത്തും, ഫാസിസ്റ്റ് വികസനവും തുടങ്ങി വര്‍ഗീയ രാഷ്ട്രീയവുമൊന്നും ആരും ചര്‍ച്ച ചെയ്യാതിരിക്കാനും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കാക്കിയവരെ ഇപ്രാവശ്യം ബെടക്കാക്കി മറ്റു ചിലരെ തനിക്കാക്കാനും മടിയില്ലാത്ത രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേറെന്ത് വേണം? നമ്മുടെ പ്രശ്നം ഉടന്‍ വരുന്ന തെരഞ്ഞെടുപ്പാണ്. അതില്‍ കിട്ടേണ്ട വോട്ടാണ്. അതിന് എളുപ്പം വെന്ത് കിട്ടുന്നത് മഅ്ദനിയെങ്കില്‍ മഅ്ദനി....

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ചിലരുടെ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. നിയമ വ്യവസ്ഥയിലും കര്‍ണാടക സര്‍ക്കാറിലുമൊക്കെയുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വിശ്വാസം അങ്ങ് ദുബായിലെ ബുര്‍ജ് ടവര്‍ വരെ ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ചിരിക്കാതെ നിര്‍വാഹമില്ലല്ലോ. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം മഅ്ദനിയുടെ മേല്‍ വെച്ച് കെട്ടരുതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണ്ണയ്യരെ പോലെ പറയാന്‍, മനസില്‍ പലതും ഒളിപ്പിച്ച് വെച്ച് പുറമെ നിയമത്തിന്റെ വഴിയെ കുറിച്ച് പറയുന്ന എത്ര മത രാഷ്ട്രീയ നേതാക്കള്‍ക്ക് സാധിക്കും? നിയമം അതിന്റെ വഴിക്ക് നടക്കാത്തത് കൊണ്ടല്ലല്ലൊ കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയെന്ന് കോടതി വിധിക്കാന്‍ 9 വര്‍ഷം എടുത്തത്.

വഴിക്ക് നടക്കേണ്ട നിയമത്തെ ഏതിലെ നടത്തണമെന്നതിന്റെ തിരക്കഥ നേരത്തെ തയ്യാറാക്കിയിരുന്നു എന്നത് കൊണ്ടല്ലേ? ഭരണയന്ത്രം കയ്യിലുള്ളവര്‍ക്ക് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചൊ നടപടികള്‍ വൈകിപ്പിച്ചോ നൂലാമാലകള്‍ സൃഷ്ടിച്ചോ കാലങ്ങളോളം കേസ് നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കുമെന്ന് അറിയാത്തവരല്ല, നിയമത്തെ അതിന്റെ വഴിക്ക് വിടുമെന്ന് പ്രഖ്യാപിച്ചവര്‍. കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് മഅ്ദനിയുടെ ആരോപണം. ബംഗളൂരൂ സ്ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ള പ്രതി തടിയന്റവിട നസീറിന്റെ മൊഴിയാണ് ഇപ്പോള്‍ നടക്കുന്ന നടപടികള്‍ക്ക് ആധാരമെന്ന് ബാംഗ്ലൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമെന്ന് സുപ്രീം കോടതി പോലും പറഞ്ഞ പ്രതിയുടെ മൊഴിയെ അടിസ്ഥനമാക്കി കേസെടുത്ത അനീതിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. രാജ്യത്തെ നീതി വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ല ഇതു പറയുന്നത്. വ്യാജ ഏറ്റുമുട്ടലുകളും, നിരപരാധികള്‍ തടവറയില്‍ പീഡിപ്പിക്കപ്പെടുന്നതും ആവര്‍ത്തിക്കപ്പെടുമ്പോള്‍, അതു പോലൊന്ന് ഇനി സംഭവിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ്. അനീതിക്കെതിരെ നമുക്ക് പോരാടാം.

കുറ്റവാളികള്‍ അവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ. കുറ്റവാളിയെന്ന് തെളിയിക്കപ്പെടാത്തവര്‍, അത് തന്റെ ശത്രുവായാല്‍ പോലും അനീതിക്ക് പാത്രമായിക്കൂടാ. ഇന്ത്യയിലെ ഒരാളുടേയോ സംഘടനയുടേയോ പക പോക്കലിന് ഇരയാക്കിയല്ല നീതി (?) നടപ്പാക്കേണ്ടത്. തങ്ങളുടെ ഇംഗിതം നടപ്പാകാതെ പോയതിന്റെ നിരാശ തീര്‍ക്കാന്‍ മറ്റൊരു വഴി തേടുന്നവര്‍ക്ക് ആശംസയര്‍പ്പിക്കുകയല്ല ഉത്തരവാദപ്പെട്ട മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. രാജ്യത്ത് നീതി പുലരാന്‍ ആഗ്രഹിക്കുന്നവരുടെ മനസാക്ഷി ഉണരേണ്ട സമയമാണിത്. നിലപാട് ഉള്ളവര്‍ അത് തീര്‍ച്ചയായും വ്യക്തമാക്കണം.മഅ്ദനിയെ രക്ഷിക്കാനല്ല; അനീതി സംഭവിക്കാതിരിക്കാന്‍.

ആര്‍ക്ക് വേണ്ടിയാണീ ആട്ടമെന്നു ഇതിനു ഒത്താശ ചെയ്യ്ന്നവര്‍ ആലോചിച്ചാല്‍ നന്ന്. അതല്ല, വര്‍ഷങ്ങള്‍ കഴിഞ്ഞു അന്നൊരു സ്വീകരണമോ അല്ലെങ്കില്‍ കൈ കഴുകലോ നടത്തിയാല്‍ എല്ലാ പാപക്കറയും കഴുകിക്കളയാമെന്നു ഏറ്റവും ചുരുങ്ങിയത് സമുദായ നേതൃത്വമെങ്കിലും കരുതരുത്.

Tuesday, June 15, 2010

ദമ്മാം സ്കൂള്‍ വാനിലെ ദുരന്തം.........വിഭജനം ആലോചിച്ചു കൂടെ?


അത് ഊഹിക്കാവുന്നതിലപ്പുറമാണ്. പുറത്ത് സൂര്യന്‍ ഉച്ചച്ചൂടില്‍ കത്തിയാളുമ്പോള്‍, സ്കൂള്‍ വാനിനുള്ളില്‍ അവസാന ശ്വാസത്തിന് വേണ്ടി ഫിദ ഓടിയിട്ടുണ്ടാവുമോ? ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ യു.കെ.ജി എ യിലെ ക്ലാസ് ടീച്ചര്‍ വിളിപ്പാടകലെ ഫിദയുടെ കൂട്ടുകാര്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കുമ്പോള്‍ തന്നെ, പിഞ്ചു പൈതലിന്റെ നിലവിളി ആരും കേള്‍ക്കാത്ത വണ്ണം അടച്ചതായിരുന്നു വാന്‍. ആരും... ആരുമൊന്നു ആ വഴി വന്നതുമില്ല.
ഓര്‍മ്മിക്കാന്‍ പോലും പേടി തോന്നുന്നു...എനിക്കെന്റെ മൂന്നര വയസുകാരി മകളുടെ മുഖം ഓര്‍മ്മ വരുന്നു............
ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
മുമ്പൊരിക്കല്‍ ഇതു പോലൊന്ന് സംഭവിച്ചതാണ്. ദൈവ കൃപ കൊണ്ട് ദുരന്തം വഴി മാറിയെന്ന് മാത്രം.. സ്വകാര്യ ട്രാസ്പോര്‍ട്ടിംഗ് വാഹനങ്ങള്‍ക്ക് മേല്‍ സ്കൂളധികൃതര്‍ക്ക് പ്രത്യക്ഷ നിയന്ത്രണമൊന്നുമില്ല. എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ദിവസവും സ്കൂളിലേക്കും, തിരിച്ചും കൊണ്ട് വിടുന്നവര്‍ എന്ന നിലക്ക് കുട്ടികളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏറ്റെടുക്കുന്ന ഡ്രൈവര്‍മാരുടെ മേല്‍, ഏറ്റവും കുറഞ്ഞത് വളരെ ചെറിയ കുട്ടികളുടെ കാര്യത്തിലെങ്കിലും നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെ? നാട്ടില്‍ പല സ്കൂളുകളിലും കുട്ടികളെ വഹിച്ചെത്തുന്ന മുഴുവന്‍ വാഹനങ്ങളും സ്കൂള്‍ നിയമിക്കുന്ന സെക്യൂരിറ്റിക്കാര്‍ നിയന്ത്രിക്കുന്നത് കാണാറുണ്ട്. ഇനി അതല്ല, ഇത്ര വലിയ സ്കൂളിന്റെ ഭരണവും നിയന്ത്രണവുമാണ് പ്രശ്നമെങ്കില്‍ കാലാകാലങ്ങളില്‍ കൂടി വരുന്ന കുട്ടികള്‍ ഒരൊറ്റ മാനേജ്മെന്റിന് കീഴില്‍ തന്നെ പഠിക്കണമെന്ന് വാശി പിടിക്കണോ? എംബസിയുടെ കീഴില്‍ തന്നെ, കുട്ടികളുടെ എണ്ണമനുസരിച്ച് വ്യത്യസ്ഥ നിയന്ത്രണ സംവിധാനത്തില്‍ സ്കൂളുകള്‍ സാധ്യമാക്കിക്കൂടെ? കുട്ടികളുടെ സുരക്ഷയടക്കമുള്ള വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഇത് വഴി നടക്കില്ലെ? സ്കൂള്‍ വിടുന്ന സമയത്തുള്ള തിരക്ക് ശ്രദ്ധിച്ചാലറിയാം അതിനിടയില്‍ വണ്ടിയിലെത്തിക്കിട്ടാന്‍ ഒരു കെ.ജി കുട്ടി പെടുന്ന പാട്. ആരെയും പ്രതിയാക്കാനല്ല ഇതെഴുതുന്നത്. സ്കൂളിലേക്ക് കുട്ടികളേയും വഹിച്ചെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലെന്ന് പറഞ്ഞ് കയ്യൊഴിയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ മാറ്റി വെക്കുന്നതിന് പകരം പഠനനിലവരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കുന്ന നമ്മുടെ ഈ സ്കൂളില്‍ കുട്ടികളുടെ സുരക്ഷാ വിഷയത്തില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം.
ആയിരങ്ങള്‍ പഠിക്കുന്ന സ്കൂളായതിനാല്‍ 3 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കെങ്കിലും പ്രത്യേക പരിഗണന ലഭിക്കുന്ന തരത്തില്‍ അവര്‍ക്ക് മാത്രം സ്കൂള്‍ എന്നതും ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ആലോചിക്കാവുന്നതാണ്. ഗേള്‍സ് ബോയ്സ് സെക്ഷനുകളിലായി 16,000 ത്തോളം കുട്ടികളാണ് ദമ്മാം സ്കൂളില്‍ പഠിക്കുന്നത്.സ്കൂള്‍ വിഭജനത്തിന് തുടക്കത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാവുമെന്നത് നേരാണ്. നന്മക്ക് ഉതകുമെങ്കില്‍ പക്ഷെ, പ്രതിസന്ധികള്‍ മറികടന്ന് അത് ചെയ്യുക തന്നെ വേണം....നമ്മുടെ കുട്ടികളുടെ സുരക്ഷയും പഠനവും മുഖ്യ വിഷയമായി എടുക്കാമെങ്കില്‍ തീര്‍ച്ചയായും... ഭരണസമിതിക്കും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാനുണ്ട്.... ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഷയത്തില്‍ മാത്രമല്ല; മറ്റ് പല കാര്യങ്ങളിലും... എന്തെങ്കിലും പ്രതീക്ഷിക്കാമോ.....ആവോ...
നിങ്ങള്‍ക്ക് തോന്നുന്നത് ഇവിടെ കുറിച്ചിടുക......

Sunday, May 16, 2010

സമരക്കാരുടെ ശ്രദ്ധക്ക്...ഇത് സമരസത്തിന്റെ കാലം...



കേരളത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നവരുടേയും സമരത്തിനിറങ്ങുന്നവരുടേയും ശ്രദ്ധക്ക്; നിങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയായ സി.പി.എമ്മിന്റെ ചില നേതാക്കളെ ബോധിപ്പിച്ചതിന് ശേഷം മാത്രമെ നിങ്ങള്‍ സമരത്തിനിറങ്ങാവൂ...അവര്‍ പറയും സമരം ചെയ്യണോ അതോ സമരസപ്പെടണോ എന്ന്.. ഇല്ലെങ്കില്‍ കിനാലൂരില്‍ കണ്ടത് പോലെ ഒരു സമരം കൊണ്ട് മാത്രം സമരക്കാര്‍ ഭീകരവാദികളാവും; ചാണകം ആഗോള ഭീകരവാദികളുടെ ആയുധമാകും, പൊലീസ് തലതല്ലിപ്പൊട്ടിച്ച വയസനെ കൊണ്ട് സമരക്കാര്‍ എറിഞ്ഞിട്ടാണ് തലപൊട്ടിയതെന്ന് പറയിപ്പിക്കും..പിന്നെയോ.... സ്ത്രീകള്‍ തല്ല് ചോദിച്ചു വാങ്ങിയതാണെന്ന് വനിതാ കമ്മീഷന്‍ (ഇങ്ങനെ പറയാന്‍ എന്ത് കമ്മീഷനാണാവോ അധ്യക്ഷക്ക് കിട്ടുന്നത്) പ്രസ്താവനയിറക്കും.


രാഷ്ട്രീയക്കാരനാവാന്‍ നല്ല തൊലിക്കട്ടി വേണമെന്ന് ചെറുപ്പം മുതലെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ വ്യവസായ മന്ത്രി എളമരം കരീമിന്റെയത്ര വേണ്ടി വരുമെന്ന് കരുതിയില്ല. എന്നെ പോലീസ് തച്ചേ എന്ന് പറഞ്ഞ് കാമറക്ക് മുന്നില്‍ അലറുന്നയാളെ സ്റ്റേജില്‍ കൊണ്ട് വന്ന് റിയാലിറ്റി ഷോ നടത്തിയ മന്ത്രിയുടേയും അനുയായികളുടേയും പ്രകടനങ്ങള്‍ ചാനലുകള്‍ക്ക് പണച്ചെലവില്ലാതെ കിട്ടിയ കോമഡി ഷോ ആയി. ആരോടാണ് മന്ത്രീ ഈ യുദ്ധ പ്യ്രാപനം? എന്തിനാണീ ഒളിച്ചു കളി? അവിടുത്തെ ജനങ്ങള്‍ താങ്കളുടെ മന്ത്രിക്കസേരയൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ. നൂറുകണക്കിന് ആളുകളെ കുടിയിറക്കി നിര്‍മ്മിക്കുന്ന പാതയുടെ യതാര്‍ത്ഥ ആവശ്യമെന്തെന്നും പാത നിര്‍ബ്ബന്ധമാണെങ്കില്‍ തന്നെ ജനജാഗ്രതാ സമിതിയുടെ ബദല്‍ നിര്‍ദ്ദേശം പരിഗണിച്ചു കൂടെ എന്നുമല്ലെ ചോദിച്ചുള്ളൂ? അതിന്റെ ഉത്തരം വളരെ ലളിതമായി ഒരു തവണ പറഞ്ഞ് കൊടുത്താലെന്താ. അതോ വികസനം പൂര്‍ത്തിയായതിന് ശേഷം മാത്രം വെളിപ്പെടുത്തേണ്ട വല്ല രഹസ്യവുമാണോ അത്? അവകാശ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യരുതെന്നും എല്ലാറ്റിനോടും സമരസപ്പെടുകയാണ് വേണ്ടതെന്നും പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ കുറഞ്ഞത് വികസനത്തിന്റെ ഇരകള്‍ക്കെങ്കിലും സാധിക്കില്ല എന്ന് തിരിച്ചറിയുന്നത് നന്നാവും.. ഇതൊരു ചെറിയ വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സി.പി.എം ഒഴികെയുള്ളവരുടെ പിന്തുണ ഈ സമരത്തിനുണ്ടെന്ന് വ്യക്തമായിട്ടും സമരത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എത്ര ഖേദകരമാണ്. ആ.. ജനനേതാക്കള്‍ക്ക് എന്തുമാവാമെന്നാണല്ലൊ അല്ലെ. അവര്‍ ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും... ആവശ്യമനുസരിച്ച് എന്തുമാക്കും. ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ച് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഗീബല്‍ സിയന് വിപ്ലവ പാര്‍ട്ടിയിലും എത്ര അനുയായികളാ?

Thursday, May 13, 2010

പ്ലീസ്.. ആ തട്ടം പിടിച്ച് വലിക്കല്ലെ??






പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ പഠിച്ചാല്‍ പോരെ, തട്ടമിടണോ എന്നതാണ് പ്രശ്നം. തന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും മാന്യതക്ക് നിരക്കാത്തതൊന്നും ചെയ്തില്ലല്ലൊ എന്നതൊന്നും ഇതിനുത്തരമല്ല എന്നാണ് ആലപ്പുഴ തലവടി ബിലീവേഴ്സ് ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും മഫ്ത ധരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട നബാലയുടെ അനുഭവം വ്യക്തമാക്കുന്നത്. പ്രശ്നം ഇത്ര ശ്രദ്ധ നേടുമെന്ന് ഒരുപക്ഷെ സ്കൂളധികൃതരും കരുതിക്കാണില്ല. ഒരു മുസ്ല്യാരുടെ മകളെ മഫ്ത ധരിച്ചതിന്റെ പേരില്‍ പറഞ്ഞ് വിട്ടാല്‍ അവര്‍ ടി.സി വാങ്ങി മറ്റെവിടെയെങ്കിലും തുടര്‍ന്ന് പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്തുകൊള്ളുമെന്ന് സ്കൂള്‍ അധികൃതര്‍ കരുതിയോ എന്നും അറിയില്ല.യൂറോപ്പിലും ഫ്രാന്‍സിലുമെല്ലാം തട്ട വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നാം ഒട്ടും പുറകിലാവാനും പാടില്ലല്ലൊ എന്നും കരുതിക്കാണും. സംഗതി വിവാദമായപ്പോള്‍ സ്കൂളധികൃതരുടെ വിശദീകരണം ഏറെ കൌതുകകരമായിരുന്നു. ഇതു സംബന്ധിച്ച് ചാനലില്‍ വന്ന ചര്‍ച്ചയില്‍ ആദ്യം പ്രതികരിക്കാന്‍ എത്താതിരുന്നവര്‍ പിന്നീട് പറഞ്ഞത് വിടുതലിന് കാരണമായി "സ്കൂളില്‍ മഫ്ത ധരിക്കുന്നത് അനുദനീയമല്ല" എന്ന് എഴുതിയത് രക്ഷിതാവിന്റെ നിര്‍ബന്ധം മൂലമാണെന്നാണ്. അതിന്റെ പേരിലാണ് കുട്ടിയെ പുറത്താക്കുന്നതെങ്കില്‍ കാരണമായി അത് തന്നെയല്ലെ എഴുതേണ്ടത്? അതോ ഒരു കാരണവുമില്ലാതെ രക്ഷിതാവ് മകളുടെ ടി.സി ആവശ്യപ്പെടുകയും എന്നിട്ട്, കാരണം മഫ്തായാണെന്ന് എഴുതണമെന്ന് നിര്‍ബ്ബന്ധിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ മാലോകര്‍ അത് വിശ്വസിക്കുമോ സര്‍? ഒരു രക്ഷിതാവ് വന്ന് നിര്‍ബ്ബന്ധിച്ചാല്‍ സ്കൂളധികൃതര്‍ അവര്‍ പറയുന്നതെന്തും ടി.സി യില്‍ എഴുതിക്കൊടുക്കും എന്നാണോ മനസിലാക്കേണ്ടത്? പ്രതിഷേധം വ്യാപകമായപ്പോള്‍ നിവൃത്തികേട് കൊണ്ടാണെങ്കിലും, സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.ഇത് മണ്ണഞ്ചേരിയില്‍ മാത്രം കാണപ്പെടുന്ന സൂക്കേടല്ല. തട്ടമഴിച്ചാലേ പഠനം പൂര്‍ത്തിയാകൂ എന്നതിനപ്പുറം തട്ടമിട്ടവര്‍ അത്രയൊക്കെ പഠിച്ചാല്‍ മതി എന്നു കൂടിയുണ്ടോ എന്നേ ഇനി അറിയാനുള്ളൂ. ഇത്തരം സ്കൂളിലെ അധ്യാപികമാര്‍ ശിരോവസ്ത്രം ധരിച്ചാണല്ലൊ സ്കൂളില്‍ വരുന്നത് എന്നൊന്നും ചോദിച്ചേക്കരുത്. എല്ലാം പഠിച്ച് കഴിഞ്ഞവര്‍ക്ക് തട്ടമിടുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഏതായാലും ഈ വിഷയത്തില്‍ വിവിധ സംഘടനകളുടെ പ്രതികരണം ആശാവഹമാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ തട്ടമഴിക്കാന്‍, കാര്യമായി ആരും സ്കൂളധികൃതരുടെ പക്ഷം പിടിച്ച് എത്തിയില്ല എന്നത് ആശ്വാസ്യം തന്നെ.ഒന്നു കൂടി.... കേരളത്തില്‍ ഇന്ന് നിലവിലുള്ള ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ വസ്ത്രധാരണ രീതി മതേതരത്വത്തിനോ, പൊതു സമൂഹത്തിനോ ദോഷകരമായിട്ടുണ്ടോ? തട്ടമിട്ട നബാലയും തട്ടമിടാത്ത ശ്രീകലയും ഒന്നിച്ചിരുന്നിട്ടൊ ഒരു പാത്രത്തില്‍ നിന്നുണ്ടിട്ടോ ഇന്ത്യയിലെവിടെയെങ്കിലും വല്ലതും സംഭവിച്ചിട്ടുണ്ടോ? അപ്പൊ പിന്നെ അഴിച്ച് മാറ്റേണ്ടത് നബാലയുടെ തട്ടമല്ല എന്നാണ് എനിക്ക് തോന്നുന്നത്. അമാന്യമായി ഒന്നും ഇല്ലാത്ത ഒരു വസ്ത്രധാരണ രീതിയെ അംഗീകരിക്കാന്‍ മടിക്കുന്ന മനസിനെ മൂടിയ കമ്പിളി പുതപ്പിനെയാണ്. അത്കൊണ്ട്, കുട്ടികളെ രണ്ടക്ഷരം പഠിപ്പിക്കാന്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട രക്ഷിതാക്കളുടെ മനസില്‍ തീകോരിയിട്ടുകൊണ്ട് ദയവായി ആ തട്ടം പിടിച്ച് വലിക്കല്ലെ.. പ്ലീസ്